Month: ഫെബ്രുവരി 2020

യേശുവിനാല്‍ സ്വതന്ത്രമാക്കപ്പെട്ടവര്‍

'ഞാന്‍ എന്റെ അമ്മയോടൊപ്പം ഇത്രയും കാലം ജീവിച്ചു, ഒടുവില്‍ അവര്‍ എന്നെ വിട്ടു പോകേണ്ടിവന്നു!'' പീറ്ററിന്റെ വാക്കുകളായിരുന്നു അവ. സുബോധത്തിനും യേശുവിനു കീഴടങ്ങുന്നതിനും മുമ്പുള്ള അവന്റെ ജീവിതം മനോഹരമായിരുന്നില്ല. മയക്കുമരുന്നിനുവേണ്ടി പ്രിയപ്പെട്ടവരില്‍ നിന്ന് പോലും പണം മോഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ആ ജീവിതം ഇപ്പോള്‍ അവന്റെ പിന്നിലാണ്. എങ്കിലും അതില്‍നിന്നെല്ലാം മോചനം പ്രാപിച്ച വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അത് ഓര്‍മ്മിക്കുന്നു. പീറ്ററും ഞാനും പതിവായി ദൈവവചനം പഠിക്കാന്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു മാറിയ മനുഷ്യനെയാണ് കാണുന്നത്്.

മര്‍ക്കോസ് 5:15-ല്‍ ഭൂതബാധിതനായിരുന്നവനും എന്നാല്‍ രൂപാന്തരം സംഭവിച്ചവനുമായ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നു. അവന്റെ രോഗശാന്തിക്ക് മുമ്പ്, നിസ്സഹായന്‍, നിരാശന്‍, ഭവനരഹിതന്‍, നിരാശന്‍ എന്നീ വാക്കുകളായിരുന്നു ആ മനുഷ്യന് യോജിക്കുന്ന വിശേഷണങ്ങള്‍ (വാ. 3-5). എന്നാല്‍ യേശു അവനെ മോചിപ്പിച്ചതിനുശേഷം അതെല്ലാം മാറി (വാ. 13). പക്ഷേ, പീറ്ററിനെപ്പോലെ, യേശുവിനു മുമ്പുള്ള അവന്റെ ജീവിതം സാധാരണ നിലയിലായിരുന്നില്ല. അവന്‍ ബാഹ്യമായി പ്രകടിപ്പിച്ച ആന്തരിക സംഘര്‍ഷം ഇന്നത്തെ ആളുകള്‍ അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. വേദനിപ്പിക്കുന്ന ചില മുറിവേറ്റ ആളുകള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ വാഹനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നു; ചിലര്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റയ്ക്കാണ്. അദൃശ്യമായ ചങ്ങലകള്‍ മറ്റുള്ളവരെ അകറ്റുന്നിടത്തോളം ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിക്കുന്നു.

നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വേദനയും ലജ്ജയുമായി നമുക്കാശ്രയിക്കാന്‍ കഴിയുന്നവനാണ് യേശു. ലെഗ്യോനെയും പീറ്ററിനെയും പോലെ, തന്നിലേക്ക് ഓടിയെത്തുന്ന എല്ലാവരെയും അവന്‍ കരുണയുടെ തുറന്ന കൈകളോടെ കാത്തിരിക്കുന്നു (വാ. 19).

തുളയ്ക്കപ്പെട്ട സ്‌നേഹം

അവള്‍ വിളിച്ചു. അവള്‍ സന്ദേശം അയച്ചു. എന്നാല്‍ സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും നേടാന്‍ കഴിയാതെ ചാന്ദിനി സഹോദരന്റെ ഗേറ്റിനു പുറത്ത് നിന്നു. വിഷാദവും ആസക്തിയും നേരിടുന്ന അവളുടെ സഹോദരന്‍ വീട്ടില്‍ ഒളിച്ചിരുന്നു. അവന്റെ ഒറ്റപ്പെടലിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രശ്രമത്തില്‍, ചാന്ദിനി അവനു പ്രിയപ്പെട്ട പല ഭക്ഷണങ്ങളും പ്രോത്സാഹന ബൈബിള്‍ വാക്യങ്ങളും ശേഖരിക്കുകയും വേലിക്ക് മുകളിലൂടെ വീട്ടിലേക്കിടുകയും ചെയ്തു.

പാക്കേജ് അവള്‍ എറിഞ്ഞപ്പോള്‍ അത് ഗേറ്റിലെ കൂര്‍ത്ത കമ്പികളില്‍ ഒന്നില്‍ തട്ടി കീറി അതിലെ ഉള്ളടക്കങ്ങള്‍ മുറ്റത്തെ മണലില്‍ ചിതറി വീണു.. നന്നായി ഉദ്ദേശിച്ച, സ്‌നേഹം നിറഞ്ഞ അവളുടെ വഴിപാട് പാഴായിപ്പോയി. അവളുടെ സമ്മാനം അവളുടെ സഹോദരന്‍ ശ്രദ്ധിക്കുമോ? അവള്‍ ഉദ്ദേശിച്ച പ്രത്യാശയുടെ ദൗത്യം അത് നിറവേറ്റുമോ? അവന്റെ രോഗശാന്തിക്കായി അവള്‍ കാത്തിരിക്കുമ്പോള്‍ അവള്‍ക്ക് പ്രത്യാശിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളു.

ദൈവം നമ്മെ അത്രയധികം സ്‌നേഹിച്ചതുകൊണ്ട് തന്റെ ഏകജാതനായ പുത്രനെ, നമ്മുടെ തകര്‍ന്നതും തന്നിലേക്കു തന്നെ ഒതുങ്ങിയതുമായ ലോകത്തിന് സ്‌നേഹവും സൗഖ്യവും നല്‍കുന്നതിനായി അയച്ചു (യോഹന്നാന്‍ 3:16) യെശയ്യാവ് 53:5-ല്‍ ഈ സ്‌നേഹപ്രവൃത്തിയുടെ വില യെശയ്യാ പ്രവാചകന്‍ പ്രവചിച്ചു. ഈ പുത്രന്‍ 'നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു.'' അവന്റെ മുറിവുകള്‍ ആത്യന്തിക സൗഖ്യത്തിന്റെ പ്രത്യാശ നമുക്കു നല്‍കുന്നു. 'നമ്മുടെ എല്ലാവരുടെയും അകൃത്യം' അവന്‍ സ്വയം ഏറ്റെടുത്തു (വാ. 6).

നമ്മുടെ പാപത്തിനും ആവശ്യത്തിനും വേണ്ടി മമുറിവേറ്റ ദൈവത്തിന്റെ യേശു ദാനം ഇന്ന് നമ്മുടെ നാളുകളിലേക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്‍കുന്നു. അവന്റെ സമ്മാനത്തിന് നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്?

പുരാതന വാഗ്ദത്തങ്ങള്‍

1979 ല്‍, ഡോ. ഗബ്രിയേല്‍ ബാര്‍കേയും സംഘവും പഴയ യെരുസലേമിന് പുറത്തുള്ള ഒരു ശ്മശാനത്തില്‍നിന്ന് രണ്ട് വെള്ളി ചുരുളുകള്‍ കണ്ടെത്തി. 2004 ല്‍, ഇരുപത്തിയഞ്ച് വര്‍ഷത്തെ സൂക്ഷ്മ ഗവേഷണത്തിനുശേഷം, ബിസി 600 ല്‍ കുഴിച്ചിട്ട ആ ചുരുളുകള്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ബൈബിള്‍ പാഠമാണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. ചുരുളുകളില്‍ അടങ്ങിയിരിക്കുന്നവയാണ് ഞാന്‍ പ്രത്യേകമായി കാണുന്നത് - ദൈവം തന്റെ ജനത്തിന്മേല്‍ പകരാന്‍ ആഗ്രഹിച്ച പുരോഹിത അനുഗ്രഹമായിരുന്നു അത്: ''യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേല്‍ പ്രകാശിപ്പിച്ച് നിന്നോടു കൃപയുള്ളവനാകട്ടെ'' (സംഖ്യാപുസ്തകം 6:24-25).

ഈ അനുഗ്രഹം നല്‍കുന്നതിലൂടെ, തനിക്കുവേണ്ടി ജനങ്ങളെ എങ്ങനെ അനുഗ്രഹിക്കണമെന്ന് അഹരോനെയും മക്കളെയും (മോശയിലൂടെ) ദൈവം കാണിച്ചു. ദൈവം നല്‍കിയ രൂപത്തിലുള്ള വാക്കുകള്‍ നേതാക്കള്‍ മനഃപാഠമാക്കേണ്ടിയിരുന്നു, അങ്ങനെ ദൈവം ആഗ്രഹിച്ചതുപോലെ അവര്‍ ജനത്തെ അനുഗ്രഹിക്കണം. 'യഹോവ' എന്ന് മൂന്നു പ്രാവശ്യം അവര്‍ പറയുമ്പോള്‍ അനുഗ്രഹിക്കുന്നവന്‍ യഹോവയാണ് എന്ന് മൂന്നു പ്രാവശ്യം അവര്‍ അനുഗ്രഹിക്കുന്നവനാണ് ദൈവം എന്നും 'നിന്നെ' ആറു പ്രാവശ്യം പറയുമ്പോള്‍ തന്റെ ജനത്തിന് തന്റെ സ്‌നേഹവും പ്രസാദവും ലഭിക്കണമെന്ന് ദൈവം എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും പ്രതിഫലിപ്പിക്കുന്നു.

അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ബൈബിളിലെ നിലവിലുള്ള ഏറ്റവും പഴയ വേദശകലങ്ങള്‍ പറയുന്ന ഒരു നിമിഷം ചിന്തിക്കുക. ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും അവന്‍ നാമുമായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും എന്തൊരു ഓര്‍മ്മപ്പെടുത്തലാണത്! ഇന്ന് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്ന് തോന്നുകയാണെങ്കില്‍, ഈ പുരാതന വാക്കുകളിലെ വാഗ്ദാനത്തെ മുറുകെ പിടിക്കുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ; കര്‍ത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ.

സ്വന്തമായ ഒരു സ്ഥലം

തങ്ങളുടെ ആദ്യ പങ്കാളികളെ ദാരുണമായി നഷ്ടപ്പെട്ടതിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, രാഹുലും സമീറയും വിവാഹിതരായി അവരുടെ രണ്ടു കുടുംബങ്ങളെയും ഒന്നിപ്പിച്ചു. അവര്‍ ഒരു പുതിയ ഭവനം പണിയുകയും അതിന് ഹവീല (എബ്രായ പദം, അര്‍ത്ഥം 'വേദനയില്‍ മുഴുകുക,'' 'പുറപ്പെടുവിക്കുക') എന്ന പേര് നല്‍കുകയും ചെയ്തു. വേദനയിലൂടെ മനോഹരമായ എന്തെങ്കിലും നിര്‍മ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. തങ്ങളുടെ ഭൂതകാലം മറക്കാനല്ല, ''ചാരത്തില്‍ നിന്ന് ജീവന്‍ കൊണ്ടുവരാനും, പ്രത്യാശ ആഘോഷിക്കാനുമാണ്'' അവര്‍ ഈ വീട് പണിതതെന്ന് ദമ്പതികള്‍ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, ''ഇത് അവകാശപ്പെട്ട സ്ഥലമാണ്, ജീവിതം ആഘോഷിക്കുന്നതിനുള്ള ഒരു സ്ഥലമാണ്, ഞങ്ങളെല്ലാവരും ഭാവിയുടെ വാഗ്ദാനത്തോട് പറ്റിനില്‍ക്കുന്ന സ്ഥലമാണ്.'

അത് യേശുവിലുള്ള നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ചിത്രമാണ്. അവന്‍ നമ്മുടെ ജീവിതത്തെ ചാരത്തില്‍ നിന്ന് വലിച്ചെടുക്കുകയും നമുക്ക് സ്വന്തമായ ഒരിടത്ത് നിര്‍ത്തുകയും ചെയ്യുന്നു. നാം അവനെ സ്വീകരിക്കുമ്പോള്‍, അവന്‍ നമ്മുടെ ഹൃദയത്തില്‍ തന്റെ ഭവനം ഉണ്ടാക്കുന്നു (എഫെസ്യര്‍ 3:17). യേശു മുഖാന്തരം ദൈവം നമ്മെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്നു, അങ്ങനെ നാം അവന്റേതാണ് (1:5-6). നാം വേദനാജനകമായ സമയങ്ങളിലൂടെ കടന്നുപോകുമെങ്കിലും, നമ്മുടെ ജീവിതത്തില്‍ നല്ല ലക്ഷ്യങ്ങള്‍ കൊണ്ടുവരാന്‍ അവയെപ്പോലും ഉപയോഗിക്കാന്‍ അവനു കഴിയും.

ദൈവത്തിന്റെ സ്‌നേഹം ആസ്വദിക്കുകയും അവന്‍ നമുക്കു തന്നത് ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ദിവസേന വളരാന്‍ നമുക്ക് അവസരമുണ്ട്. അവനില്‍, അവനില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയാത്ത, ഒരു സമ്പൂര്‍ണ്ണ ജീവിതമുണ്ട് (3:19). ഈ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന വാഗ്ദാനമുണ്ട്. യേശുവാണ് നമ്മുടെ അവകാശപ്പെട്ട സ്ഥലവും ജീവിതം ആഘോഷിക്കാനുള്ള കാരണവും ഇന്നും എന്നേക്കും നമ്മുടെ പ്രത്യാശയും.

കാഠിന്യമേറിയ സ്ഥലങ്ങള്‍

ഒരിക്കല്‍ ഹെറോയിന്‍ ദുരുപയോഗം ചെയ്ത അതേ നഗരത്തില്‍ ഇന്ന് യൂത്ത് പാസ്റ്ററാണ് ജിയോഫ്. ദൈവം അവന്റെ ഹൃദയത്തെയും സാഹചര്യങ്ങളെയും അതിശയകരമായ രീതിയില്‍ രൂപാന്തരപ്പെടുത്തി. ''കുട്ടികളെ അതേ തെറ്റുകള്‍ വരുത്തുന്നതില്‍ നിന്നും ഞാന്‍ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നതില്‍നിന്നും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ജിയോഫ് പറഞ്ഞു. ''യേശു അവരെ സഹായിക്കും.'' കാലക്രമേണ, ദൈവം അവനെ ആസക്തിയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവന്റെ ഭൂതകാലത്തിനതീതമായി ഒരു സുപ്രധാന ശുശ്രൂഷ നല്‍കുകയും ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ നന്മ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദൈവത്തിനുണ്ട്. യോസഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്ക് വില്‍ക്കുകയും വ്യാജ ആരോപണം ചുമത്തി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു, അവിടെ വര്‍ഷങ്ങളോളം അവന്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തുകയും ഫറവോന്റെ കീഴില്‍ നേരിട്ട് അധികാരസ്ഥാനത്ത് എത്തിക്കുകയും ചെയ്തു - അവനെ ഉപേക്ഷിച്ച സഹോദരങ്ങളുടെ ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ അവന് കഴിഞ്ഞു. ഈജിപ്തില്‍ യോസേഫ് വിവാഹം കഴിച്ചു മക്കളുണ്ടായി. അവന്‍ രണ്ടാമത്തെ മകന് എഫ്രയീം (''രണ്ടുതവണ ഫലവത്താകുന്നു'' എന്നര്‍ത്ഥമുള്ള എബ്രായ പദത്തില്‍ നിന്ന്) എന്ന് നാമകരണം ചെയ്തു. അതിന് അവന്‍ പറഞ്ഞു കാരണം: ''സങ്കടദേശത്ത് ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു'' (ഉല്പത്തി 41:52).

ജിയോഫിന്റെയും യോസഫിന്റെയും കഥകള്‍ തമ്മില്‍ മൂവായിരമോ നാലായിരമോ വര്‍ഷത്തെ വ്യത്യാസമുണ്ട് എങ്കിലും അവ മാറ്റമില്ലാത്ത ഒരേ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: നമ്മുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സ്ഥലങ്ങള്‍ പോലും പലരെയും സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി മാറും. നമ്മുടെ രക്ഷകന്റെ സ്‌നേഹവും ശക്തിയും ഒരിക്കലും മാറില്ല, അവനില്‍ വിശ്വസിക്കുന്നവരോട് അവന്‍ എപ്പോഴും വിശ്വസ്തനാണ്.